ന്യൂഡല്‍ഹി: ഗോവധത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ആള്‍ ഇന്ത്യ ശിയാ പേഴ്‌സണല്‍ ലോ ബോര്‍ഡ്. ഗോവധത്തിന് പുറമെ മുത്തലാഖ് നിര്‍ത്തലാക്കണമെന്നും ബാബ്‌രി-രാമജന്മഭൂമി വിഷയത്തില്‍ കോടതിക്ക് പുറത്ത് വെച്ച് തന്നെ സമവായത്തിലെത്തണമെന്നും ഇന്ത്യയിലെ സുപ്രധാന ശിയാ സംഘടനയുടെ ലോ ബോര്‍ഡ് വ്യക്തമാക്കി.

ലഖ്‌നൗവില്‍ നടന്ന ആള്‍ ഇന്ത്യ ശിയാ പേര്‍സണല്‍ ലോ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിര്‍ണായകമായ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാഖിലെ പ്രമുഖ ശിയാ പണ്ഢിതന്‍ ആയത്തുല്ല ശൈഖ് ബഷീര്‍ ഹുസൈന്‍ നജഫിയുമായി ചര്‍ച്ച ചെയ്ത് അനുമതി നേടിയാണ് ഇത്തരമൊരു നയം കൈക്കൊണ്ടതെന്നറിയുന്നു. 75 കാരനായ ഹുസൈന്‍ നജഫി ഇറാഖിലെ പ്രമുഖ അഞ്ച് ആയത്തുല്ലമാരില്‍ ഒരാളാണ്.

ഗോവധവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉയരുന്നതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ”പശുവിനെ ഹിന്ദുക്കള്‍ കാണുന്നത് പോലെത്തന്നെ ശിയാക്കാരെ സംബന്ധിച്ചിടത്തോളം കുതിര ബഹുമാനിക്കപ്പെടുന്ന മൃഗമാണ്. അതിനാല്‍ തന്നെ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്ന് കരുതുന്നവരാണ് ഞങ്ങള്‍. ഒരു പശുവിനെ കൊല്ലുന്നത് നൂറ് കണക്കിനാളുകളുടെ ജീവന്‍ അപഹരിക്കുന്നുവെങ്കില്‍ പശുവിനെ സംരക്ഷിക്കലാണ് നല്ലത്”- ബോര്‍ഡംഗമായ മൗലാനാ യസൂദ് അബ്ബാസ് പറഞ്ഞു.

രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുപ്രീംകോടതിയിലെത്തി മുത്തലാഖിനെതിരായ നിലപാടറിയിച്ച് കേസില്‍ കക്ഷി ചേരുമെന്നും അങ്ങനെയെങ്കിലും ഭാര്യമാരെ മൊഴി ചൊല്ലുന്നതിന് മുമ്പ് പുരുഷന്മാര്‍ പുനരാലോചന നടത്തട്ടെയെന്നും അബ്ബാസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടതിക്ക് പുറത്ത് വെച്ച് തന്നെ ബാബ്‌രി വിഷയത്തില്‍ സമവായം കണ്ടത്തുന്നതാണ് നല്ലതെന്നും രാഷ്ട്രീയമായ ഇടപെടലുകളില്ലാതെ പരിഹാരം കണ്ടെത്താന്‍ അനുയുക്തമായ രീതിയാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും ആകുലതകള്‍ പരസ്പരം അറിയാനും അതുവഴി ഉചിതമായ തീരുമാനത്തിലെത്താനാവുമെന്ന് ഉറപ്പുണ്ടെന്നും അബ്ബാസ് പ്രത്യാശ പ്രകടിപ്പിച്ചു.

മുസ്‌ലിംകള്‍ക്കിടയിലെ ന്യൂനപക്ഷമായ ശിയാക്കളുടെ ക്ഷേമത്തിനും വികാസത്തിനുമായി സച്ചാര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ബാസ് അടുത്തിടെ യോഗി ആദിത്യനാഥിനെ കണ്ടിരുന്നു.