X
    Categories: CultureMoreViews

സൈന്യം മനുഷ്യകവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദിന് 10 ലക്ഷം നല്‍കണമെന്ന് മനുഷ്യാകവാശ കമ്മീഷന്‍

ശ്രീനഗര്‍: സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഏപ്രില്‍ 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോവുകയായിരുന്ന സൈനിക വ്യൂഹം ഫാറൂഖിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ടതായി തെളിവുണ്ടെന്നും ഒരു പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിതെന്നും മനുഷ്യാകവാശ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് ബിലാല്‍ നസ്‌കി നിരീക്ഷിച്ചു.

‘ഫാറൂഖ് അഹ്മദ് ദറിനെ വാഹനത്തിന്റെ ബോണറ്റില്‍ കെട്ടിയിട്ടതായും മനുഷ്യ കവചമായി ഉപയോഗിച്ചതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പ്രതിയോടു പോലും അങ്ങനെ പെരുമാറരുതെന്ന് അനുശാസിക്കുന്ന നിയമങ്ങള്‍ ഈ രാജ്യത്തും അന്താരാഷ്ട്ര തലത്തിലുമുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരു മനുഷ്യനോട് അങ്ങനെ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.’ – കമ്മീഷന്‍ വിധിപ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രാഥമിക ചുമതല സംസ്ഥാന സര്‍ക്കാറിനാണെന്നും അതുകൊണ്ടുതന്നെ സംഭവത്തിലെ ഇരയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ സൈനിക ഓഫീസറുടെ പങ്കിനെപ്പറ്റി കമ്മീഷന്‍ നിശ്ശബ്ദത പാലിച്ചു.

ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയാണ് സൈന്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. വോട്ടു ചെയ്യാനിറങ്ങിയ ഫാറൂഖ് അഹ്മദ് ദറിനെ സൈനിക ഓഫീസറായ നിതിന്‍ ഗോഗോയ് പിടികൂടി ജീപ്പിന്റെ മുന്‍ഭാഗത്ത് കെട്ടിയിടുകയും 25 കിലോമീറ്ററോളം സഞ്ചരിക്കുകയുമായിരുന്നു. സൈനിക വ്യൂഹത്തിനു നേരെ കല്ലേറുണ്ടാവാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ വിചിത്ര നടപടി. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഇത് പരക്കെ വിമര്‍ശിക്കപ്പെട്ടു.

സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സൈന്യം ഉത്തരവിട്ടെങ്കിലും പിന്നീട് സൈനിക തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്, മേജര്‍ ഗോഗോയ്ക്ക് പ്രശസ്തി പത്രം നല്‍കുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹ്‌സന്‍ ഉണ്ടു മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: