ദുബൈ: കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടെങ്കിലും കാസര്‍ക്കോട്ടുകാരന്‍ നവനീത് സജീവനെ ഭാഗ്യം കൈവിട്ടില്ല. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏഴു കോടിയിലധികം രൂപയുടെ സമ്മാനമാണ് ഈ പ്രവാസി മലയാളിയെ തേടിയെത്തിയത്.

നാലു വര്‍ഷമായി അബുദാബിയിലെ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മുപ്പതുകാരനായ നവനീത്. കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടമാകുകയായിരുന്നു. ഡിസംബര്‍ 28 ആണ് കമ്പനിയിലെ അവസാന പ്രവൃത്തി ദിനം.

പുതിയ ജോലിക്കായുള്ള അന്വേഷണങ്ങള്‍ക്കിടെയാണ് ഒരു വയസ്സുള്ള കുഞ്ഞിന്റെ അച്ഛനായ നവനീതിനെ തേടി ഭാഗ്യമെത്തുന്നത്. സുഹൃത്തുക്കളായ നാലു പേര്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്.

‘ഇതു വിശ്വസിക്കാന്‍ ആകുന്നില്ല. അനുഗ്രഹീതനായി. സന്തോഷം’ – എന്നാണ് നവനീത് ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സമ്മാനത്തുക പങ്കുവയ്ക്കും. എന്നാലും രണ്ടു ലക്ഷം ഡോളര്‍ കിട്ടും. അതു വലിയ തുകയാണ്- അദ്ദേഹം പറഞ്ഞു.