Culture

മുന്‍ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിന് ജോളിക്ക് നാല് കാരണങ്ങള്‍

By chandrika

October 10, 2019

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്ക് മുന്‍ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിന് നാല് കാരണങ്ങള്‍. സ്ഥിരവരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയാണ് റോയിയെ കൊന്നതെന്നാണ് ജോളി വെളിപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്.

റോയി തോമസിന്റെ അമിത മദ്യപാനം, അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പോലീസ് വിശദമാക്കുന്നു.

അതേസമയം, റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പോലീസ് കസ്റ്റഡിയില്‍ പ്രതികളെ വിട്ടത്.