india

ഹാത്രസില്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്; കെയുഡബ്ല്യുജെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

By chandrika

October 12, 2020

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും സംഭവം റിപ്പോര്‍ട്ട് ചെയ്യാനുമായി ഹാത്രസിലേക്ക് പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവം ചോദ്യംചെയ്തുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

മാധ്യമപ്രവര്‍ത്തകനെ അകാരണമായി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെയുഡബ്ല്യുജെ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സിദ്ദിഖ് കാപ്പനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തത്, ഉടന്‍ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ ശേഷമാണ് ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ അടക്കം ചുമത്തി കേസെടുത്തതെന്നും കെയുഡബ്ല്യുജെ സുപ്രീംകോടതിയെ അറിയിക്കും.

ഇതിനിടെ സിദ്ദിഖ് കാപ്പനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. വിദേശസഹായം കൈപ്പറ്റിയെന്ന കുറ്റാരോപണത്തോടെയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. അതേസമയം, കാപ്പനെതിരേയുള്ള ആരോപണങ്ങള്‍ കുടുംബം ബന്ധപ്പെട്ടവരും എതിര്‍ത്തിട്ടുണ്ട്.