Culture

ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: കേജ്‌രിവാള്‍

By Web Desk

October 31, 2016

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തിയത്. ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു: കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കേന്ദ്രമന്ത്രിമാര്‍ സംബന്ധിച്ച ചടങ്ങില്‍വച്ചായിരുന്നു കേജ്‌രിവാളിന്റെ ആരോപണം.

കോള്‍ ചോര്‍ത്തലിന്റെ ഭയത്താല്‍ ഫോണിലൂടെ സംസാരിക്കാന്‍ പോലും ജഡ്ജിമാര്‍ ഭയപ്പെടുകയാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഇതു തെറ്റായ പ്രവണതയാണെന്നും അനുവദിക്കാന്‍ പാടില്ലെന്നും ഡല്‍ഹി മുഖ്യന്‍ പറഞ്ഞു.

ജഡ്ജിമാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നു സംശയം തോന്നിയാല്‍ അവരുടെ ഫോണ്‍ ചോര്‍ത്തുകയല്ല വേണ്ടത്. മറ്റു പല വഴികളിലൂടെയാവണം അതിനുള്ള തെളിവു ശേഖരിക്കേണ്ടതെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെജ്‌രിവാളിന്റെ ഗുരുതരമായ ആരോപണത്തിന് ചടങ്ങില്‍തന്നെ കേന്ദ്ര നിയമമന്ത്രി മറുപടി നല്‍കി. ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം താന്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി താനാണ് വാര്‍ത്താവിനിമയ മന്ത്രിയെന്നും നിയമമന്ത്രി കൂടിയായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. നീതിന്യായ വകുപ്പിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നുണ്ടെന്നും സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു. മാസങ്ങള്‍ക്കുമുന്‍പേ ജഡ്ജിമാരുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടിക സുപ്രീംകോടതി കൊളേജിയം കേന്ദ്രസര്‍ക്കാരിന് നല്‍കിയതാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ അതിന് അനുമതി നല്‍കിയിട്ടില്ലെന്നും കെജിരിവാള്‍ വ്യക്തമാക്കി.

ചില മന്ത്രിമാര്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള ജഡ്ജിമാരെ നിയമിക്കണം. അതിന് സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് വിവരം. നീതിന്യായ വകുപ്പിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുംവിധം കേന്ദ്രം ഇടപെടുന്നത് രാജ്യത്തിനു ഗുണകരമല്ലെന്നും കേജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.