പാലക്കാട്: ഗോവിന്ദാപുരത്തെ ചക്കിലി സമുദായത്തെ അവഹേളിച്ച് കെ.ബാബു എം.എല്‍.എ. അക്രമങ്ങളെ ഭയന്ന് അമ്പലങ്ങളില്‍ കഴിയുന്ന ചക്കിലി സമുദായക്കാര്‍ അവിടെ തന്നെ കഴിയുന്നത് മദ്യപിക്കാനെന്നാണ് നെന്മാറ എം.എല്‍.എ കെ.ബാബു ആക്ഷേപിച്ചത്. ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഎം എം.എല്‍.എ ചക്കിലി സമുദായത്തെ അധിക്ഷേപിച്ച്് സംസാരിച്ചത്.

അതേസമയം, ചക്കിലി സമുദായത്തെക്കുറിച്ചല്ല താന്‍ പറഞ്ഞതെന്നും സംഭവസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവരെക്കുറിച്ചാണ് താന്‍ പരാമര്‍ശിച്ചതെന്നും സിപിഎം എം.എല്‍.എ കെ.ബാബു ആരോപണത്തോട് പ്രതികരിച്ചു. ചക്കിലി സമുദായത്തെ അകറ്റി നിര്‍ത്തുന്നുവെന്നും അയിത്തം കാണിക്കുന്നുവെന്നും കാണിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വി.ടി ബല്‍റാം സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

നേരത്തേ, ചക്കിലി സമുദായത്തിലെ ഒരംഗം ഉയര്‍ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഗോവിന്ദാപുരത്തെ ഈ ജനവിഭാഗം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പൊതു വെള്ള ടാങ്കില്‍ ചക്കിലി സമുദായക്കാര്‍ക്ക് വേണ്ടി മാത്രമായി ഒരു പൈപ്പും ഉയര്‍ന്ന ജാതിക്കാര്‍ക്ക് വേണ്ടി മാത്രമായി മറ്റൊരു പൈപ്പും എന്ന നിലയാണുണ്ടായത്. ചായക്കടയില്‍ ചക്കിലി സമുദായക്കാര്‍ക്ക് മാത്രമായി പ്രത്യേക ഗ്ലാസിലാണ് ചായ നല്‍കുന്നതെന്നും ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.