പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത കോറോത്ത് ബി.ജെ.പി കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. കോറോം വായനശാലക്കടുത്തുള്ള ബി.ജെ.പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയ താല്‍ക്കാലിക ഷെഡില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ഒമ്പത് വടിവാളുകളും ഒരു സ്റ്റീല്‍ ബോംബുമാണ് കണ്ടെത്തിയത്. സി.പി.എം-ബി.ജെ.പി സംഘര്‍ഷം പതിവായ ഈ മേഖലയില്‍ ആയുധങ്ങള്‍ക്കായി റെയ്ഡ് നടത്തി മടങ്ങിയ പൊലീസ് സംഘത്തിന് ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധം പിടികൂടാന്‍ സാധിച്ചത്. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി പൊലീസ് സംഘം വ്യാപകമായ റെയ്ഡുകള്‍ നടത്തി വരികയാണ്. കുന്നരുവില്‍ 2016 ജൂലൈ 11ന് കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജിന്റെയും തുടര്‍ന്ന് അന്നൂരില്‍ കൊല ചെയ്യപ്പെട്ട ബി.എം.എസ് നേതാവും ഓട്ടോ ഡ്രൈവറുമായ സി.കെ.രാമചന്ദ്രന്റെയും രക്തസാക്ഷിത്വ ദിനങ്ങള്‍ അടുത്തു വരികയാണ്. ഇതിനിടെ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതി രാമന്തളി മണ്ഡലം ആര്‍.എസ്.എസ് കാര്യവാഹക് ചുരിക്കാട് ബിജുവിനെ സി.പി.എം സംഘം വെട്ടിക്കൊന്ന സാഹചര്യവും കണക്കിലെടുത്ത് അക്രമ സംഭവങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. പയ്യന്നൂര്‍ സി.ഐ എം.പി ആസാദ്, എസ്.ഐ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.