തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോയ ജെ.ഡിയുവിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യു.ഡി.എഫില്‍ നിന്ന് മുന്‍കാലങ്ങളില്‍ വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരണം എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും മുരളീധരന്‍ പറഞ്ഞു. ജെ.ഡി.യുവിനെ വിമര്‍ശിച്ച മുരളീധരന്‍ സര്‍ക്കാരിന്റെ ലോക കേരളസഭയേയും വിമര്‍ശിച്ചു. ലോക കേരളസഭ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഇത്രയും തുക ചെലവഴിച്ച് പരിപാടി സംഘടിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് സമ്മേളനം സംഘടിപ്പിച്ചതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.