പയ്യന്നൂര്‍: നിര്‍ദ്ദിഷ്ഠ കെ.റെയില്‍ സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ തുടക്കം. നഗരസഭ പരിധിയിലെ കിഴക്കേ കണ്ടങ്കാളിയിലാണ് ഇന്നലെ രാവിലെ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം ആരംഭിച്ചത്.

കണ്ടങ്കാളി പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന പത്തോളം കുടുംബങ്ങളെ സന്ദര്‍ശിച്ച് വിവങ്ങള്‍ ശേഖരിച്ചു. നഷ്ടപ്പെടുന്ന ഭൂമിക്കു പകരം സ്ഥലവും വീടും ജീവനോപാധിയും ഉറപ്പാക്കാതെ പദ്ദതിക്കായി ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ല. ലൈഫ് പദ്ധതിയില്‍ വീട് വേണ്ടെന്നും വാസയോഗ്യമായ സ്ഥലവും വീട് നിര്‍മാണത്തിനുള്ള തുകയും അനുവദിക്കണമെന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത്. കാര്‍ഷിക അനുബന്ധ തൊഴിലെടുക്കുന്നവര്‍ക്ക് പ്രദേശത്ത് നിന്ന് ഏറെ അകലെ പുനരധിവാസം അനുവദിച്ചാല്‍ തൊഴില്‍ നഷ്ടമാകും. പകരം തൊഴിലും നഷ്ടപരിഹാരവും നല്‍കുന്ന കാര്യത്തിലും വ്യക്തതയില്ലെന്നും ഇവര്‍ പ്രതികരിച്ചു.

കേരള വളണ്ടറി ഹെല്‍ത്ത് സര്‍വീസിന് കീഴിലാണ് സംസ്ഥാനതലത്തില്‍ കെ-റെയില്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടക്കുന്നത്. പഠനത്തിന് 20.5 കോടി രൂപയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മുപ്പതോളം ചോദ്യങ്ങള്‍ക്ക് കുടിയൊഴിപ്പിക്കപ്പെടുന്നവരും സ്ഥലം നഷ്ടപ്പെടുന്നവരുമായ ആളുകളില്‍ നിന്ന് ഉത്തരം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണ് ആദ്യഘട്ടം.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠന വിധേയമാക്കും. കൂടുതല്‍ ആഘാതം അനുഭവിക്കേണ്ടിവരുന്ന പ്രദേശങ്ങള്‍ കണ്ടെത്തിയാല്‍ അലൈന്‍മെന്റ് മാറ്റം ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് പഠന സംഘം അവകാശപ്പെടുന്നത്. ജില്ലയില്‍ അഞ്ഞൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കപ്പെടേണ്ടിവരും. 20 വില്ലേജുകളിലായി 108 ഹെക്ടറോളം ഭൂമിയും ഏറ്റെടുക്കണം. കേരളത്തിന്റെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ ശേഷം സാമൂഹികാഘാത പഠനത്തിന് വിവര ശേഖരണം നടത്തുന്നത് തട്ടിക്കൂട്ട് റിപ്പോര്‍ട്ടുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പ്രതിരോധ സമിതി ഭാരവാഹികള്‍ ആരോപിച്ചു.