മക്ക: ലോകൈകനാഥന്റെ വിളിക്കുത്തരം നല്‍കി, ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ മൈതാനിയില്‍ സംഗമിച്ച ഇന്നലെ വിശുദ്ധ കഅ്ബാലയം പുത്തന്‍ പുടവയണിഞ്ഞു. ഇന്നലെ സുബ്ഹി നിസ്‌കാരത്തിന് ശേഷമാണ് കിസ്‌വ മാറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ഹറംകാര്യ പ്രസിഡന്‍സിയിലെയും കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സിലെയും നൂറോളം ജീവനക്കാര്‍ ചേര്‍ന്ന് മണിക്കൂറുകളെടുത്താണ് കിസ്‌വ മാറ്റ ചടങ്ങ് പൂര്‍ത്തിയാക്കിയത്. അറഫ ദിനത്തിലാണ് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കാറ്. കഅ്ബാലയത്തിന്റെ നാല് ഭാഗത്തും വാതിലിന് മുകളിലും തൂക്കുന്നതിനുള്ള അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയ കിസ്‌വയുടെ ഭാഗമങ്ങള്‍ കഅ്ബാലയത്തിന്റെ നാല് ഭാഗത്തും ഉയര്‍ത്തി. ശേഷം പഴയ കിസ്‌വ താഴ്ത്തി പുതിയ കിസ്‌വ ഹുക്കുകളില്‍ ബന്ധിപ്പിച്ചു. പ്രകൃതിദത്തമായ പട്ടിലാലാണ് കിസ്‌വ നിര്‍മിക്കുന്നത്. സ്വര്‍ണം പൂശിയ വെള്ളി നൂലുകള്‍ ഉപയോഗിച്ച് ഇസ്‌ലാമിക് കാലിഗ്രാഫികള്‍ ചെയ്ത് ബെല്‍റ്റ് അലങ്കരിച്ചിരിക്കുന്നു. ബെല്‍റ്റിന് താഴെ വിശുദ്ധ ഖുര്‍ആന്‍ സൂക്തകങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.