കോഴിക്കോട്: പ്രവാസം സമൂഹ നന്‍മക്ക് എന്ന മുദ്രാവാക്യവുമായി ഖത്തര്‍ കെ.എം.സി.സിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അഞ്ചിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഹാളില്‍ തുടക്കമാകും. ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വ്വകാല കെ.എം.സി.സി പ്രവര്‍ത്തകരുടെയും അവധിക്ക് നാട്ടിലെത്തിയ പ്രവര്‍ത്തകരെയും ഒരുമിച്ച് ചേര്‍ത്ത് നടത്തുന്ന കുടുംബ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ നാച്ചി, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം മൂന്നിന് രാവിലെ പത്ത് മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന കെ.എം.സി.സിയുടെ ശക്തമായ കണ്ണിയായി സേവന രംഗത്ത് സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തര്‍ കെ.എം.സി.സിയുടെ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷം കൂടുതല്‍ സമൂഹിക നന്‍മകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് നടത്തുന്നത്. ജൂബിലി വര്‍ഷത്തില്‍ സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, കലാ സാഹിത്യ കായിക മത്സരങ്ങള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, രക്തദാന ക്യാമ്പുകള്‍, വസ്ത്ര ശേഖര കാമ്പയിന്‍, സുവനീര്‍ പ്രസിദ്ധീകരണം, പ്രവാസി വകുപ്പും നോര്‍ക്കയുമായി സഹകരിച്ച് മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും.
അഞ്ചിന് രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണിവരെ നടക്കുന്ന സമാഗമത്തില്‍ പഴയകാല കെ.എം.സി.സി നേതാക്കളെ ആദരിക്കും. ദീര്‍ഘകാലം മുസ്‌ലിം ലീഗ് സംഘടനാ രംഗത്തും ചന്ദ്രികാ പത്രാധിപ സമിതി അംഗവുമായിരുന്ന ടി.സി മുഹമ്മദ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. നാളെയുടെ പ്രവാസം ആശങ്കകളും ആസൂത്രണങ്ങളും എന്ന വിഷയത്തില്‍ പ്രവാസി ബന്ധു ചെയര്‍മാന്‍ കെ.വി ശംസുദ്ദീന്‍ ക്ലാസെടുക്കും.
വൈകുന്നേരം നാല് മണിക്ക് കുടുംബ സംഗമം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പി.കെ ഫിറോസ് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കുന്ന ഗാനവിരുന്നും നടക്കും. കെ.എം.സി.സിയുടെ വിവിധ പദ്ധതി പ്രകാരമുള്ള അന്‍പത് ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ചടങ്ങില്‍ കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി നേതാക്കളായ പി.കെ അബ്ദുല്ല, നിഅ്മത്തുല്ല കോട്ടക്കല്‍, എം.പി ഷാഫി ഹാജി സംബന്ധിച്ചു.