ലണ്ടനില്‍ എത്തിയാല്‍ ക്രിക്കറ്റിനാണ് ഞാന്‍ വന്നതെങ്കില്‍ പോലും ഇവിടെ ഏറ്റവും സമ്പന്നമായ ഗെയിം ഫുട്‌ബോളാണ്. ലണ്ടന്‍ സബര്‍ബില്‍ മാത്രം മൂന്ന് പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബുകളുണ്ട്. ആര്‍സനല്‍, ചെല്‍സി, ടാട്ടനം തുടങ്ങിയ മുന്‍ നിര ക്ലബ്ബുകള്‍ക്ക് പുറമെ വെസ്റ്റ് ഹാമിനെ പോലുള്ള ടീമുകളുണ്ട്. എവിടെ തിരഞ്ഞാലും ഫുട്‌ബോള്‍ മാത്രം. മനോഹരമായ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ലണ്ടന്‍ നഗരത്തിലെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

കഴിഞ്ഞ ദിവസം ആര്‍സനലിന്റെ എമിറേറ്റ്‌സ് സ്‌റ്റേഡിയം സന്ദര്‍ശിച്ചു. അത് വലിയ ഒരു ഫുട്‌ബോള്‍ അത്ഭുതമാണ്. സ്‌റ്റേഡിയത്തിന്റെ വലിപ്പം തന്നെയാണ് അതിന്റെ വലിയ ഒരു സവിശേഷത. ഏകദേശം അറുപതിനായിരം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണിത്. അവിടെ കയറുമ്പോള്‍ തന്നെ ആര്‍സനലിന്റെ നേട്ടങ്ങളും പാരമ്പര്യവും വിളിച്ചറിയിക്കുന്ന പവലിയന്‍ നമുക്ക് കാണാന്‍ കഴിയും. ഡയരക്ടേഴ്‌സിന് കളി കാണാനുള്ള സ്ഥലം, കളിക്കാരുടെ ഡ്രസിംഗ് റൂമുകള്‍, അവര്‍ ഗ്രൗണ്ടിലേക്ക് വരുന്ന വഴി, കളിക്കാര്‍ക്ക് ആരാധകരെ കാണാനുള്ള സ്ഥലം തുടങ്ങി വളരെ വ്യവസ്ഥാപിതമായി സംവിധാനിച്ച സ്റ്റേഡിയം ഒരു ഇന്ത്യന്‍ കായിക മാധ്യമപ്രവര്‍ത്തകന് അപൂര്‍വമായ കാഴ്ചയാണ്. കാരണം നമ്മുടെ മികച്ച സ്റ്റേഡിയങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലോ മുംബൈ അറീനയിലോ ഒന്നും ഇത്തരം ഒരു സംവിധാനം നമ്മള്‍ കാണില്ല. ഏകദേശം അഞ്ഞൂറോളം ജീവനക്കാരാണ് സ്‌റ്റേഡിയം വൃത്തിയാക്കാനും മറ്റുമായി ഇവിടെയുള്ളത്.

പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ അതിനുള്ള കഠിന പരിശീലനത്തിലാണ് താരങ്ങളും മാനേജ്‌മെന്റും. കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണ്‍ ആര്‍സനലിന് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ തങ്ങള്‍ പുതിയ ചരിത്രം രചിക്കുമെന്ന് തന്നെയാണ് താരങ്ങളും കോച്ചും പറയുന്നത്…