വാഷിങ്ടണ്‍: ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഭരണകൂടം അധികാരത്തിലെത്തിയാല്‍ ഫലസ്തീന്‍ പ്രശ്‌നത്തിലടക്കം ട്രംപിന്റെ നയങ്ങള്‍ തിരുത്തുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. അറബ് അമേരിക്കന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കമല വിദേശനയം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.

ഓരോ ഫലസ്തീനിയുടെയും ഓരോ ഇസ്രായേലിയുടെയും മൂല്യങ്ങളിലും മഹത്വത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും തുല്യമായ സ്വാതന്ത്ര്യവും സുരക്ഷയും സമൃദ്ധിയും ജനാധിപത്യവും ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും-കമല പ്രതികരിച്ചു

ഫലസ്തീന്‍ പ്രശ്‌നത്തില്‍ തീവ്ര ഇസ്രായേല്‍ പക്ഷ നിലപാട് സ്വീകരിച്ച ട്രംപിന്റെ നിലപാടില്‍ നിന്നുള്ള നിര്‍ണായക മാറ്റവും കമല അഭിമുഖത്തില്‍ വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന ഏകപക്ഷീയ നടപടികളെ ഞങ്ങള്‍ എതിര്‍ക്കും. അനധികൃത കുടിയേറ്റം വ്യാപിപ്പിക്കുന്നതിനെയും എതിര്‍ക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ട്രംപ് നിര്‍ത്തലാക്കിയ ഫലസ്തീനുള്ള സാമ്പത്തികവും മനുഷ്യത്വപരവുമായ സഹായങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും കമല പറഞ്ഞു. ട്രംപ് നിര്‍ത്തലാക്കിയ കിഴക്കന്‍ ജറുസലേമിലെ യുഎസ് കോണ്‍സുലേറ്റും വാഷിങ്ടണിലെ പിഎല്‍ഒ മിഷനും പുനരാരംഭിക്കുമെന്നും കമല വ്യക്തമാക്കി.