ഹൈദരാബാദ്: ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യക്ക് ഫോണില്‍ ഭീഷണി. തന്റെ നാക്ക് അരിയുമെന്നും ജീവനെടുക്കുമെന്നുമാണ് ഭീഷണിയെന്ന് ഉസ്മാനിയ പൊലീസിന് നല്‍കിയ പരാതിയില്‍ ഐലയ്യ പറയുന്നു. സമാജിക സ്മഗ്ലേഴ്‌സ്- കോമതൊള്ളു (ആര്യ-വൈശ്യന്മാര്‍ സാമൂഹിക കൊള്ളക്കാര്‍) എന്ന ഐലയ്യയുടെ പുസ്തകമാണ് ഭീഷണിക്കു കാരണമെന്നു കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ആര്യവൈശ്യ സംഘം എന്ന സംഘടന രംഗത്തുവന്നിരുന്നു. നാല്‍ഗോണ്ടയിലെ ക്ലോക് ടവര്‍ സെന്ററില്‍ ഇവര്‍ ഐലയ്യയുടെ കോലം കത്തിക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്നതാണ് പുസ്തകമെന്ന് ഐക്യ വേദിക നേതാവ് കോതഗിരി ദൈവദീനം പറയുന്നു.
2009ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ഈയിടെയാണ് തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്.