കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. 20-ഓളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമാണ് പുറത്തുവരുന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ചേര്‍ന്ന് പറശിനിക്കടവിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പിതാവാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം.

ലോഡ്ജ് ഉടമ പവിത്രന്‍, കുട്ടിയെ പീഡിപ്പിച്ച മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ദീന്‍, ഷബീര്‍, നടുവില്‍ സ്വദേശി അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലന്‍ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടി ഇന്നലെ രാത്രി തളിപ്പറമ്പ് മുന്‍സിഫ് കോടതി മുമ്പാകെ മൊഴി നല്‍കി.

മൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിക്കുന്നതോടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് അറിയുന്നത്. പോക്‌സോ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. തിങ്കളാഴ്ച രാത്രി സംഭവത്തില്‍ കേസെടുത്ത ഉടന്‍ തന്നെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെയും സ്‌ക്വാഡ് അംഗങ്ങളുടേയും സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രധാനപ്രതികളെ പിടികൂടിയിരുന്നു.