കോഴിക്കോട് : സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം വെട്ടി സിപിഎം. സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദമായതോടെയാണ് സിപിഎം തീരുമാനം. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ മാറ്റിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍.

നേരത്തെ പിടിഎ റഹിം എംഎല്‍എ പ്രഖ്യാപിച്ച കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാരാട്ട് ഫൈസലും ഇടംപിടിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തയാളെ മല്‍സരിപ്പിക്കുന്നത് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം വിവാദമാവുകയും ചെയ്തു. മുഖം രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് കാരാട്ട് ഫൈസലിനെ സിപിഎം മാറ്റുകയായിരുന്നു.

കഴിഞ്ഞ ഭരണസമിതിയലും കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍ ആയിരുന്നു. എല്‍ഡിഎഫ് മാറ്റിയ സാഹചര്യത്തില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മല്‍സരിക്കുമോ എന്നതില്‍ വ്യക്തതയില്ല.