കൊച്ചി: കാരാട്ട് റസാഖ് എംഎല്‍എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഭാര്യയാണ് കാരാട്ട് റസാഖിനെതിരെ മൊഴി നല്‍കിയത്. മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്താനുള്ള അപേക്ഷയോടൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്.

പിഡി 12002-06-2020 കോഫപോസ എന്ന ഫയല്‍ നമ്പറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജിലാണ് പ്രതികളുമായി എംഎല്‍എക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എംഎല്‍എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ സ്വര്‍ണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്‌നയും എംഎല്‍എയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവര്‍ തമ്മിലുള്ള ആശയവിനിമയം നടന്നിരുന്നത്. അതേസമയം എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ ഇതുവരെ റമീസ് തയ്യാറായിട്ടില്ല. സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് റമീസ് തന്റെ മൊബൈല്‍ ഫോണുകളില്‍ ഒന്ന് നശിപ്പിച്ചു കളഞ്ഞതായി കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫോണിലേക്കാണ് ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഈ സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയുടെ പേരിലാണ്.