ചാമരാജനഗര്‍: ബി.ജെ.പിയും ആര്‍.എസ്.എസും ബജ്‌റംഗ്ദളും വി.എച്ച്.പിയും ഭീകരവാദ സംഘടനകളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാജ്യത്തെ തകര്‍ക്കാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചാമരാജനഗര്‍ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി കര്‍ണാടകയുടെ വികസനത്തെ ഇത്തരം സംഘടനകള്‍ തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു വിരുദ്ധ സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നതെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

ഒരു ഭാഗത്ത് ഹിന്ദുത്വ തീവ്രവാദ സംഘടനകളും മറുഭാഗത്ത് പോപ്പുലര്‍ഫ്രണ്ടും എസ്.ഡി.പി.ഐയും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കുകയാണ്. അക്രമം നടത്തുന്നത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. ഇത്തരം വര്‍ഗീയ സംഘടനകളെ നിരോധിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനതാദള്‍ എസ് നേതാവ് എം.സി നാനയ്യയുമായി കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയമില്ലെന്നും 1983 മുതല്‍ അദ്ദേഹം തന്റെ സുഹൃത്താണെന്നും ഒരു ചോദ്യത്തിനുത്തരമായി സിദ്ധരാമയ്യ പ്രതികരിച്ചു.