ബംഗളൂരു: ജനങ്ങള്‍ക്കായി താന്‍ റോഡിലും കിടക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തനിക്ക് പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയത്തിന്റെ തറയില്‍ കിടന്നുറങ്ങി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു പിന്നാലെ ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെ താമസസ്ഥലത്ത് ആഡംബര ബാത്ത് റൂം സംവിധാനം ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച ട്രെയിന്‍ മാര്‍ഗം യദ്ഗിറിലെത്തിയ കുമാരസ്വാമി ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് ചന്ദ്രകി ഗ്രാമത്തിലെത്തിയത്. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് കുമാരസ്വാമി താമസിച്ചത്. സ്‌കൂളിലെ തറയില്‍ കുമാര സ്വാമി കിടക്കുന്ന ചിത്രം വൈറലായിരുന്നു. എന്നാല്‍ ഇവിടെ മുഖ്യമന്ത്രിക്കായി ആഡംബര ടോയ്!ലറ്റ് നിര്‍മ്മിച്ചെന്ന് ആക്ഷേപം ഉയര്‍ന്നു.