മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തന്നെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ തല്ലി മന്ത്രി വിവാദക്കുരുക്കില്‍. കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറാണ് സമീപത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ തല്ലി വെട്ടിലായത്. ബെല്‍ഗാം കോളേജിലെ ബാലാവകാശ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

മന്ത്രി മാധ്യമങ്ങളോട് സംസാരിരിക്കുമ്പോഴായിരുന്നു സംഭവം. തന്റെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി നിയന്ത്രണം വിട്ട് ഫോണ്‍ തട്ടിത്തെറിപ്പിച്ച് വിദ്യാര്‍ത്ഥിക്ക് നേരെ കയ്യോങ്ങുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് നില്‍ക്കുന്നതെന്ന് മറന്ന് വിദ്യാര്‍ത്ഥിയുടെ കയ്യിലെ ഫോണ്‍ തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം സാമൂഹീക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന തന്റെ സമീപം വന്ന് സെല്‍ഫി എടുത്ത വിദ്യാര്‍ത്ഥിയെ തല്ലിയത് സാധാരണമായ കാര്യമാണെന്നാണ് മന്ത്രി ഇതിനോട് പ്രതികരിച്ചത്. സമീപകാലത്ത് നടന്ന ആദായവകുപ്പ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മന്ത്രി നിറഞ്ഞ് നിന്നിരുന്നു.