കൊല്‍ക്കത്ത: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ വിട, കേരളത്തില്‍ ഒരു ടി20 മത്സരം കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന ഈ വാര്‍ത്ത ബിസിസിഐയാണ് പുറത്തുവിട്ടത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരുന്നത്. ഒരു ടി20ാണ് തിരുവനന്തപുരത്ത് ബിസിസിഐ അനുവദിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അന്തിമമായി തീരുമാനിച്ചത്. ഇതാദ്യമായാണ് കേരളത്തില്‍ ഒരു ടി20 മത്സരം നടക്കുന്നത്. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിരവധി ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം ഏകദിനമായിരുന്നു.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മല്‍സരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ട്വന്റി20 മല്‍സരം നടത്താനാണ് അനുമതി ലഭിച്ചത്. ഏത് മല്‍സരമാണ് ഇവിടെ നടത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയയാണ് ആദ്യം ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ടീം. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഏഴു വരെ ന്യൂസീലന്‍ഡും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ശ്രീലങ്കയും ഇന്ത്യയില്‍ പര്യടനം നടത്തും.
Be the first to write a comment.