ന്യുഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ അസാധാരണ ഇടപെടല്‍ ലോക്‌സഭയില്‍ ചോദ്യം ചെയ്ത് കെസി വേണുഗോപാല്‍. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി കോണ്‍ഗ്രസ് അംഗീകരിക്കില്ല. മുഖ്യമന്ത്രി എന്തിന് പോയെന്ന് അറിയില്ല. ആര്‍എസ്എസുകാരന്റെ ജീവന് മാത്രമല്ല, ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ജീവനും വിലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ട കൊലപാതകം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍. എന്നാല്‍ പരാമര്‍ശം സഭാരേഖകളില്‍ നിന്ന്‌
നീക്കം ചെയ്യണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം ബഹളത്തിന് കാരണമായി.

ഭരണഘടനാപരമായി ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേരളാ ഗവര്‍ണ്ണര്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ ചരിത്രത്തില്‍ ആദ്യമായി ‘സമന്‍സ്’ ചെയ്തത് എന്നാണ് പൊതുവെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് ദിവസങ്ങളില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ്മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണമായ സംഭവം ബഹുമുഖമായ ചിന്തകള്‍ക്ക് പ്രേരണ നല്‍കുന്നതാണന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പതിവുസംഭവമാണെങ്കിലും ഇതാദ്യമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ഇതിന് ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നചോദ്യം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.

അതേ സമയം ഗവര്‍ണറുടെ ഇടപെടല്‍ സാദാരണ ഇടപെടലെന്ന് കോണ്‍ഗ്രസ് എ.എല്‍.എ വി.ടിബല്‍റാം. ക്രമസമാധാനനില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മണ്‍ ചെയ്യുക എന്നത്. അത് കേള്‍ക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മണ്‍സ് അയച്ച് വിളിപ്പിക്കുന്ന സീന്‍ ഒന്നും ഓര്‍ക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതി എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാലു വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയാറാവട്ടെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഗവര്‍ണര്‍ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവും. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നെ ഗവര്‍ണര്‍ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീത വിധേയനായി മുഖ്യമന്ത്രി നേരില്‍പ്പോയി ഹാജരാകണോ എന്ന വിഷയം. അതിനുത്തരം പറയേണ്ടത് പിണറായിയാണ്. വേണമെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കി ചീഫ് സെക്രട്ടറി വഴി ഗവര്‍ണര്‍ക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയന്‍ ചെയ്തില്ല എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലില്‍ പരാതി ഇല്ല എന്നാണ്. ‘ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട’ എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആര്‍ജ്ജവം വിജയനില്ലാത്തതിന് കോണ്‍ഗ്രസിനാണോ കുറ്റം? എന്ന പരിഹാസത്തോടെയാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ക്രമസമാധാനം ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും ‘സമ്മണ്‍’ ചെയ്തതിനേക്കുറിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നാണ് ചില സൈബര്‍ സിപിഎമ്മുകാരുടെ പരാതി. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതിന് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കോ ഇല്ലാത്ത പരാതി കോണ്‍ഗ്രസിന് വേണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഗവര്‍ണറുടെ അമിതാധികാര പ്രവണതക്ക് കുടപിടിക്കുന്നതായി ഞങ്ങളങ്ങ് വിധിച്ചുകളയും എന്നുമുള്ള ടോണാണ് ഇത്തരക്കാരുടേത്. അത് വിലപ്പോവില്ല.

ഗവര്‍ണര്‍ സംസ്ഥാനത്തെ പ്രഥമ പൗരനാണ്. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്. ക്രമസമാധാനനില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മണ്‍ ചെയ്യുക എന്നത്. അത് കേള്‍ക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മണ്‍സ് അയച്ച് വിളിപ്പിക്കുന്ന സീന്‍ ഒന്നും ഓര്‍ക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതി.

പിന്നെ ഗവര്‍ണര്‍ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീത വിധേയനായി മുഖ്യമന്ത്രി നേരില്‍പ്പോയി ഹാജരാകണോ എന്ന വിഷയം. അതിനുത്തരം പറയേണ്ടത് പിണറായിയാണ്. വേണമെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കി ചീഫ് സെക്രട്ടറി വഴി ഗവര്‍ണര്‍ക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയന്‍ ചെയ്തില്ല എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലില്‍ പരാതി ഇല്ല എന്നാണ്. ‘ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട’ എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആര്‍ജ്ജവം വിജയനില്ലാത്തതിന് കോണ്‍ഗ്രസിനാണോ കുറ്റം?

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാലു വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയാറാവട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഗവര്‍ണര്‍ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവും.