കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്നവരെ ഗവണ്‍മെന്റിന്റെ നഷ്ടപരിഹാര പ്രഖ്യാപനം ഇരകളെ കൂടുതല്‍ നിരാശരാക്കിയിരിക്കുകയാണ്. സാധാരണ കാലവര്‍ഷക്കെടുതിയിലുണ്ടായതു പോലുള്ള നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പറയുന്നത്. മരണപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം, ഭൂമി നഷ്ടമായവര്‍ക്ക് ആറു ലക്ഷം എന്നിങ്ങനെയാണ് പ്രത്യേക മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ ചെറിയ നഷ്ടപരിഹാരം കൊണ്ട് ഒന്നും ബാക്കിയില്ലാതെ തകര്‍ന്നടിഞ്ഞ കുടുംബങ്ങള്‍ എങ്ങനെ വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തുമെന്നത് ചോദ്യചിഹ്നമാകുകയാണ്. ദ്രുതഗതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ, പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രദേശവാസികളെല്ലാം ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്ന രീതിയിലുള്ളതായിരുന്നു സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള തീരുമാനമെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പറയുന്നത്.
സംസ്ഥാനത്ത് നടന്നതില്‍ ഭീകരമായ ഒരു ഉരുള്‍പൊട്ടലായി കരിഞ്ചോല മലയിലെ വെട്ടിഒഴിഞ്ഞ തോട്ടത്തിലേതിനെ കാണാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന ആക്ഷേപം വ്യാപകമായി. കൂടാതെ 50 ഏക്കറോളം കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് പഞ്ചായത്തും റവന്യൂ വകുപ്പും കണക്കാക്കിയത്. ഇവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ ഒരിക്കലും തങ്ങളുടെ ദുരിതത്തില്‍നിന്ന് കരകയറാന്‍ പറ്റില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ ഭാഗികമായി വീടും തകര്‍ന്നവര്‍ അനേകം പേരുണ്ട്. ഇവര്‍ക്ക് എന്തു നഷ്ടപരിഹാരം നല്‍കുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇതുപോലെ പരിക്കു പറ്റിയവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് സര്‍ക്കാര്‍ പറയാത്തതിനാല്‍ ഇത്തരക്കാരും കടുത്ത ആശങ്കയിലും നിരാശയിലുമാണ്.
ഇതു കൂടാതെ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ വരും ദിവസങ്ങളില്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പകരം സംവിധാനത്തെപ്പറ്റി വ്യക്തമായ മാനദണ്ഡങ്ങളായിട്ടില്ല. വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാറ്റിത്താമസിപ്പിച്ച അനേകം കുടുംബങ്ങളോട് തിരിച്ചുപോകാന്‍ പറയുമോ എന്നതിനെപ്പറ്റിയും വ്യക്തതയില്ല. കഴിഞ്ഞ ദിവസം കട്ടിപ്പാറ പഞ്ചായത്ത് ഓഫീസില്‍ സര്‍വകക്ഷി യോഗം നടന്നപ്പോള്‍ ഒരു കൂട്ടമാളുകള്‍ എം.എല്‍.എക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകാനാണ് സാധ്യത.