കൊച്ചി: പീഡന വാര്‍ത്തകള്‍ തുടര്‍ക്കഥകയാകുന്ന കേരളത്തില്‍ മലയാളിയെ ഞെട്ടിച്ച് ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിന്നു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ പ്രായമുള്ള അച്ഛന്‍ ഇനി കേരളത്തിന് സ്വന്തം. അടുത്തിടെ എറണാകുളത്ത് പതിനാറുകാരി പ്രസവിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഏറ്റവും പ്രായം കുറഞ്ഞ അച്ഛനിലേക്കെത്തിച്ചത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമാണ് നവജാത ശിശുവിന്റെ പിതാവ് പന്ത്രണ്ടുകാരനാണെന്ന് ഉറപ്പായത്.

നവജാത ശിശുവിന്റേയും കേസില്‍ ആരോപണ വിധേയനായ ആണ്‍കുട്ടിയുടേയും ഡിഎന്‍എ പരിശോധിച്ചതില്‍ നിന്നാണ് പന്ത്രണ്ടുകാരന്റെ പിതൃത്വം തെളിഞ്ഞത്.

കുഞ്ഞ് ജനിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് പിതാവ് പന്ത്രണ്ടുകാരനായ അയല്‍വാസിയാണെന്ന് വ്യക്തമായത്. എന്നാല്‍ ആണ്‍കുട്ടിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല. ആണ്‍കുട്ടിക്കെതിരേ പോക്‌സോ നിയമം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ കുഞ്ഞിനു ജന്മം കൊടുത്ത പെണ്‍കുട്ടിയും കാരണക്കാരനായ പന്ത്രണ്ടുകാരനും പ്രായപൂര്‍ത്തിയാവാത്ത പശ്ചാത്തലത്തില്‍ കേസ് നിയമപരമായി എങ്ങനെ മുന്നോട്ട് കൊണ്ടു പോവണമെന്ന സംശയത്തിലാണ് പൊലീസ്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുണ്ടാവുന്ന തരത്തില്‍ വളര്‍ച്ചയെത്തുന്ന പ്രികോഷ്യസ് പ്യൂബെര്‍ട്ടി എന്ന അവസ്ഥയാവാം കുട്ടിക്കെന്നും ഇത് സ്വാഭാവികമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ പികെ ജബ്ബാര്‍ പറയുന്നു. അതേസമയം പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം സമാനമായ നിരവധി വാര്‍ത്തകളുണ്ടാവാറുണ്ട്.