ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണം എന്ന് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജോസ് കെ മാണി സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു.

രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഇതിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പി.ജെ ജോസഫ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സംസ്ഥാന സമിതിയില്‍ വേണ്ടത്ര അംഗങ്ങളുടെ പിന്തുണയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയത് എന്നാണ് പി.ജെ ജോസഫ് പക്ഷത്തിന്റെ വാദം. ഇത് പാര്‍ട്ടി ഭരണഘടനക്ക് എതിരാണെന്നും ഇവര്‍ പറയുന്നു.