ആലപ്പുഴ: കേരളത്തില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടക്കെതിരെ പരസ്യവിമര്‍ശനവുമായി സിപിഐ രംഗത്ത്. ജനകീയ സമരങ്ങളോട് നരേന്ദ്രമോദി സ്വീകരിക്കുന്ന നയമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റുകളെ ഇല്ലായ്മ ചെയ്യുന്നതിന് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ല. അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം വളര്‍ന്നുവരികയാണ്.നിലമ്പൂര്‍ കാടുകളില്‍ നിന്നു മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആളുകളെ വെടിവച്ചുകൊന്നു. അഭിപ്രായം പറയുന്ന മനുഷ്യനെ വെടിവച്ചു കൊല്ലാന്‍ ആര്‍ക്കാണ് അവകാശമുള്ളത് കാനം ചോദിച്ചു.ആദിവാസികള്‍ക്കും പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുണ്ട്.അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് കാനം പറഞ്ഞു.ഇന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനായി പ്രത്യേകമായ സംവിധാനങ്ങളേര്‍പ്പെടുത്തി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും മുന്നോട്ടുപോകുകയാണ്.വനവാസികളില്‍ നിന്നുതന്നെ ചെറുപ്പക്കാരെ കണ്ടുപിടിച്ച് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി തങ്ങളുടെ സ്വന്തം സഹോദരങ്ങളെ കൊന്നൊടുക്കാന്‍ പറഞ്ഞയക്കുന്നുണ്ട് ഭരണകൂടം.ഛത്തിസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം ഇതു നിത്യേന നടക്കുകയാണ്.കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശം സര്‍ക്കാര്‍ നല്‍കണം. അഭിപ്രായം പറയുന്നവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമങ്ങളും വകുപ്പുകളും ചുമത്തരുത്. വോട്ട് ചെയ്യാന്‍ പാടില്ലായെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ചിലരുടെ മേല്‍ ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തിയിരുന്നു. കരിനിയമങ്ങള്‍ ഇപ്പോഴും പൊലീസ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇവ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനെ ഉപകരിക്കൂ. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ കരിനിയമങ്ങള്‍ക്കെതിരെ പോരാടിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍-കാനം പറഞ്ഞു.

ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു, ഡെപ്യട്ടി സ്പീക്കര്‍ വി. ശശി, ടി. പുരുഷോത്തമന്‍, ജി. വിജയകുമാരന്‍നായര്‍, പി .എസ് സന്തോഷ്‌കുമാര്‍, എന്‍. ശ്രീകുമാര്‍, എ .പി ശങ്കര്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിപ്ലവ ഗായിക പി .കെ മേദിനിയെ ആദരിച്ചു. ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ നന്ദി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സിപിഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.