വാസ്‌കോ: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യമാരായ മിസോറാമിനെ 4-1 ന് തകര്‍ത്ത് കേരളം സെമി ഉറപ്പിച്ചു. മിസോറാമിനെ തോല്‍പ്പിച്ച കേരളത്തിന്റെ ചുണക്കുട്ടികള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നേറിയാണ് സെമി പ്രവേശനം നേടിയത്.
കേരളക്കായി അസ്ഹറുദ്ദീന്‍ രണ്ട് ഗോള്‍ നേടി. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു ആധികാരികമായ വിജയമെത്തിച്ച അസ്ഹറിന്റെ ഇരട്ടഗോള്‍ നേട്ടം.

മിസോറാമിന് ആദ്യപ്രഹരമേല്‍പ്പിച്ചത് കളിയുടെ ആറാം മിനുറ്റില്‍ ജോബി ജസ്റ്റിന്‍ ഹെഡ്ഡറിലൂടെയായിരുന്നു.  ഫൈനല്‍ റൗണ്ടില്‍ ജോബി നേടുന്ന നാലാമത്തെ ഗോളാണിത്. തൊട്ടടുത്ത മിനിറ്റിലായി സീസണ്‍ സെല്‍വന്‍ കേരളത്തിനായി രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ തന്നെ കേരളം 2-0ന് ശക്തമായ നിലയിലായി.

രണ്ടാം പകുതിയില്‍ മിസോറാമിനായി ലാല്‍റമ്മാവിയ ഒരു ഗോള്‍ മടക്കിയെങ്കിലും അസ്ഹറുദ്ദീന്റെ ഇരട്ട പ്രഹരം കേരളത്തെ രാജകീയമായി (4-1) സെമിയിലേക്ക് എത്തിക്കുകയായിരുന്നു. 26-ാം മിനിറ്റില്‍ മിസോറാമിന്റെ ലാല്‍ഫക്സുല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും മിസോറാമിന് തിരിച്ചടിയായി.

മൂന്നു വര്‍ഷം മുന്‍പ് മിസോറാമിനോട് 3-1ന് തോറ്റതിന് മധുര പ്രതികാരമായി കേരളത്തിന്റെ വിജയം. മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതായത്. നേരത്തെ ഗ്രൂപ്പിലെ ഒന്നാമന്മാരായിരുന്ന പഞ്ചാബ് ഇന്നു നടന്ന രണ്ടാം മല്‍സരത്തില്‍ മഹാരാഷ്ട്രയോട് 1-0 ത്തിനു തോറ്റത് കേരളത്തെ സഹായിച്ചു. രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടെയാണ് കേരളം ഏഴു പോയിന്റ് സ്വന്തമാക്കിയത്. അതേസമയം നാലു മല്‍സരങ്ങളില്‍ പഞ്ചാബിനുള്ളത് അഞ്ചു പോയിന്റാണ്. കേരളത്തോട് തോറ്റ മിസോറാം മൂന്നു കളികളില്‍നിന്ന് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തില്‍ ശക്തരായ റെയില്‍വേസിനെ 4-2ന് തകര്‍ത്തുകൊണ്ടാണ് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് തുടക്കം കുറിച്ചത്. ആരംഭ മത്സരത്തില്‍ തന്നെ ഹാട്രിക്കുമായി ജോബി ജസ്റ്റിന്‍ കേരളത്തിന്റെ വിജയം തിളക്കം കൂട്ടി. രണ്ടാം മല്‍സരത്തില്‍ പഞ്ചാബിനെതിരെ സമനില പിടിക്കാനും കേരളത്തിനായി. മത്സരത്തില്‍ മുഴുഭാഗവും രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന കേരളം അവസാന ആറു മിനിറ്റിനിടയിലാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച്് പഞ്ചാബിനെ ഞെട്ടിച്ച് സമനില പിടിച്ചത്.