തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്‌ലറുടെ ആശയം പിന്തുടരുന്നവര്‍ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന്‍ പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എത്തുമ്പോള്‍ താന്‍ കൂടുതല്‍ സന്തോഷവാനാണെന്നു പ്രകാശ് രാജ് പറഞ്ഞു.

‘എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നത്. അങ്ങനെ വരേണ്ട കാര്യവുമില്ല. ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ല.’ ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിത്. രാജ്യത്ത് ഇന്ന് എല്ലാ എതിര്‍ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുകയാണ്. ഓരോ നിശബ്ദതയ്ക്കും പകരമായി കൂടുതല്‍ ഉറക്കെ ശബ്ദങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാന്‍ അവരെ നോക്കി ഉറക്കെ ചിരിക്കുന്നു. അവരെന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ പാടിക്കൊണ്ടിരുന്നു.’ പ്രകാശ് രാജ് പ്രസംഗിച്ചു. താന്‍ ഇനിയും സംസാരിക്കുമെന്നും തെറ്റിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എസ് ദുര്‍ഗ എന്ന സിനിമയെക്കുറിച്ച് പ്രശ്‌നങ്ങളുള്ളവര്‍ക്ക്. എന്നാല്‍ ദുര്‍ഗ വൈന്‍ പാര്‍ലറിനെ കുറിച്ച് യാതൊരു പ്രശ്‌നങ്ങളും ഇല്ല. ഹിറ്റ്‌ലറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് അവര്‍. ഒരു സിനിമയുടെ നിര്‍മ്മാണം വരെ തടയുന്നത് ഭയാനകമാണ്. പുതുതലമുറയിലുള്ളവര്‍ക്ക് ചിന്ത പോലും പേടി ജനിപ്പിക്കുന്നതാക്കുകയാണ് ഇത്തരക്കാരുടെ ശ്രമമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഓഖി ദുരന്തത്തെ തുടര്‍ന്ന് വിപുലമായ ഉദ്ഘാടന പരിപാടികള്‍ ഒന്നുമില്ലാതെയാണ് ചലച്ചിത്രമേളക്ക് തുടക്കമായത.് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ച് മെഴുകുതിരി കത്തിച്ചാണ് മേളയുടെ ഔപചാരിക തുടക്കമായത്. ചടങ്ങില്‍ ബംഗാളി നടി മാധബി മുഖര്‍ജിയെയും പ്രകാശ് രാജിനെയും ആദരിച്ചു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ലബനീസ് ചിത്രമായ ദ ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിച്ചു.