രഞ്ജി ട്രോഫിയില്‍ ശക്തരായ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. നാലാം ദിനമായ ഇന്ന് കേരളം അഴിച്ചുവിട്ട സ്പിന്‍ അക്രമണത്തിനു മുന്നില്‍ കളി മറന്നുപോയ സൗരാഷ്ട്ര 309 റണ്‍സിന്റെ നാണിക്കുന്ന തോല്‍വിയാണ് കേരളത്തില്‍ നിന്നും ഏറ്റുവാങ്ങിയത്. ഗ്രൂപ്പില്‍ നാലാം ജയം സ്വന്തമാക്കിയ കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.സ്‌കോര്‍ കേരളം 225 & ആറിന് 411, സൗരാഷ്ട്ര 232& 95
രണ്ടാം ഇന്നിംഗ്‌സില്‍ 406 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര ജലജ് സക്‌സേന നേതൃത്വം നല്‍കിയ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ കേവലം 95 റണ്‍സിന് പുറത്തായി. ജലജ് സക്‌സേന നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്നവിക്കറ്റ് വീതം വീഴ്ത്തി സിജുമോനും അക്ഷയും കേരളത്തിന് കൂറ്റന്‍ ജയം ഒരുക്കിന്നതില്‍ സക്‌സേനക്ക് മികച്ച പിന്തുണ നല്‍കി. 24 റണ്‍സെടുത്ത ഷെല്‍ഡണ്‍ ജാക്‌സണാണ് സൗരാഷ്ട്ര ടോപ് സ്‌കോറര്‍. ഓപണര്‍ സ്‌നെല്‍ എസ് പാട്ടേല്‍ 20 റണ്‍സെടുത്തു.സൗരാഷ്ട്രയുടെ അവസാന നാല് താരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പൂജ്യരായി മടങ്ങുന്നതിനും മത്സരം സാക്ഷിയായി.

നേരത്തെ സഞ്ജു സാംസന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് കേരളം ആറ് വിക്കറ്റിന് 411 റണ്‍സെടുത്തത്. സഞ്ജു 180 പന്തില്‍ 175 റണ്‍സ് എടുത്തു. അരുണ്‍ കാര്‍ത്തിക് 81 റണ്‍സ് സ്വന്തമാക്കി സഞ്ജുവിന് പിന്തുണ നല്‍കി.
രഞ്ജിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് കേരളത്തിന്റെ നാലാം ജയമാണിത്. മത്സര വിജയത്തോടെ വിലപ്പെട്ട ആറ് പോയന്റും ക്വാര്‍ട്ടര്‍ സാധ്യതയും കേരളം നിലനിര്‍ത്തി.