തിരുവനന്തപുരം: കേരള പൊലീസിനുള്ളിലെ കാവിവല്‍ക്കരണം തടയാന്‍ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പൊലീസനുള്ളില്‍ ആര്‍.എസ്.എസ് ശാഖയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വാര്‍ത്ത ചൂണ്ടിക്കാട്ടി നിയമസഭയില്‍ ശക്തമായ വിമര്‍ശനമാണ് മുനീര്‍ ഉന്നയിച്ചത്. കന്യാകുമാരിയില്‍ ആര്‍.എസ്.എസ് അനുകൂലികളായ പൊലീസുകാരുടെ ശിബിരവും നടന്നിരുന്നു.

തത്വമസി എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പും ഇവര്‍ ആരംഭിച്ചിരുന്നു. കോവളം ടൂറിസം പൊലീസിലെ ഒരംഗമാണ് പ്രസിഡന്റ്, കണ്‍ട്രോള്‍ റൂമിലെ ഒരാള്‍ സെക്രട്ടറിയും. വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മുന്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പൊലീസിലെ ഈ വിഭാഗം ശക്തമായി അവിടെ പ്രവര്‍ത്തിച്ചു. ഇവരുടെ പേരില്‍ നടപടി എടുക്കേണ്ടതല്ലേയെന്നും മുനീര്‍ ചോദിച്ചു. ഉത്തര്‍പ്രദേശ് മാതൃകയില്‍ പൊലീസിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. നന്ദിപ്രമേയത്തെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ സംസാരിക്കവെയാണ് മുനീര്‍ ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ ഒരു മണിക്കൂറും ഏഴുമിനിറ്റും സംസാരിച്ചിട്ടും ഇതിന് മാത്രം മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറായില്ല.