ന്യൂഡല്‍ഹി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും വില്‍ക്കുകയും ചെയ്തിരുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പത്തു പേരെ ഡല്‍ഹി പൊലീസ് പിടികൂടി. ഒരു വയസ്സില്‍ താഴെ പ്രായമുള്ള ആറു കുഞ്ഞുങ്ങളെയാണ് ഇവരില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ഡല്‍ഹിയിലും സമീപ ജില്ലകളിലുമാണ് സംഘം സജീവമായിരുന്നത്. പാവപ്പെട്ട കുടുംബങ്ങളെ ചൂഷണം ചെയ്യുകയും പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയും ചെയ്താണ് നവജാത ശിശുക്കളെ തട്ടിയെടുത്തിരുന്നത്. ആശുപത്രികളില്‍ നിന്നുമുള്ള കുഞ്ഞ് മോഷണവും സംഘത്തിന്റെ രീതി ആയിരുന്നു. വന്‍തുകയ്ക്ക് മക്കളില്ലാത്തവര്‍ക്ക് കുഞ്ഞുങ്ങളെ വിറ്റുകൊടുക്കുകയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
ആറ് മാസം പ്രായമായ കുഞ്ഞ് കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വേഷണത്തിലാണ് സംഘം പിടിയിലായത്. രണ്ടാമത്തെ ദിവസം കുഞ്ഞിനെ കണ്ടെത്താനും കഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി സംഘം പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ ആളുകള്‍ ഇതില്‍ പങ്കാളികളാണെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.