സിയോള്‍: ഉത്തരകൊറിയ വീണ്ടുമൊരു മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നു. കൂറ്റന്‍ മിസൈലിന്റെ മാതൃക കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡില്‍ കിം ജോങ് ഉന്നിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. യു.എസിലെ നഗരങ്ങളെ ലക്ഷ്യപരിധിക്കുള്ളില്‍ നിര്‍ത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടുത്ത വര്‍ഷം പരീക്ഷണ വിക്ഷേപണം നടത്തുമെന്നാണ് വിവരം.

ശനിയാഴ്ച രാത്രി നടന്ന സൈനിക പരേഡിലാണ് മിസൈല്‍ പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈല്‍ ആണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഒന്നിലേറെ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി ഇതിനുണ്ട്.

അലാസ്‌കയില്‍ യു.എസ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുക ലക്ഷ്യമിട്ടാകാം കിം ജോങ് ഉന്‍ പുതിയ മിസൈല്‍ പരീക്ഷിക്കുന്നതെന്ന് മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്ധനായ ജെഫ്രി ലൂയിസ് പറയുന്നു. പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ അമേരിക്കക്ക് ആവശ്യമാകുന്നതിനെക്കാള്‍ ഏറെ ചിലവ് കുറവിലാണ് ഉത്തരകൊറിയ പുതിയ മിസൈല്‍ ആയുധങ്ങള്‍ വികസിപ്പിക്കുന്നത്.

24 മീറ്റല്‍ നീളവും 2.4 മീറ്റര്‍ വ്യാസവുമുള്ളതാണ് ഉത്തരകൊറിയയുടെ പുതിയ മിസൈല്‍. 100 ടണ്‍ ഇന്ധനം വഹിക്കാന്‍ ശേഷിയുള്ളതാണിത്. എന്നാല്‍, ഇത് പ്രയോജനമില്ലാത്ത ഒന്നാണെന്ന അഭിപ്രായവും വിദഗ്ധര്‍ക്കുണ്ട്. ഇന്ധനം നിറച്ച ശേഷം ഇതിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാകില്ലെന്നും വിക്ഷേപണ സ്ഥലത്തുവെച്ച് ഇന്ധനം നിറക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.