ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് ഉത്തരകൊറിയയില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അസദ് കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയന്‍ സ്‌റ്റേറ്റ് മീഡിയയാണ് സന്ദര്‍ശന വിവരം അറിയിച്ചത്. സിറിയയിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ മുന്‍ ജോങ് നാമുമായി അസദ് സന്ദര്‍ശന വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. അന്തിമ വിജയം ഉന്നിനായിരിക്കുമെന്നും കൊറിയന്‍ ഏകീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അസദ് പറഞ്ഞതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു. സന്ദര്‍ശന റിപ്പോര്‍ട്ടിനോട് സിറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം ഉത്തരകൊറിയയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനായിരിക്കും അസദ്. 2011ല്‍ ഭരണം ഏറ്റെടുത്ത ശേഷം ഒരു വിദേശ രാഷ്ട്രത്തലവനെ ഉത്തരകൊറിയയില്‍ സ്വീകരിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ ഉറ്റബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഉത്തരകൊറിയയും സിറിയയും. ആണവായുധ പദ്ധതിയുടെ പേരില്‍ ഉത്തരകൊറിയയും ആഭ്യന്തര യുദ്ധം കാരണം സിറിയയും അന്താരാഷ്ട്ര ബഹിഷ്‌കരണം നേരിടുന്നുണ്ട്.

രാസായുധങ്ങള്‍ നിര്‍മിക്കാന്‍ സിറിയയെ സഹായിക്കുന്നത് ഉത്തരകൊറിയയാണെന്ന് യു.എന്‍ ആരോപിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉറ്റ സൈനിക സഹകരണം നിലനില്‍ക്കുന്നുണ്ട്. 1973 ഒക്ടോബറില്‍ അറബ്-ഇസ്രാഈല്‍ യുദ്ധകാലത്ത് ഉത്തരകൊറിയ സിറിയയിലേക്ക് 530 സൈനികരെ അയച്ചുകൊടുത്തിരുന്നു.