ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫയര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര്‍ മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. 3100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്.

തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വ്വത സ്‌ഫോടനം. ചാരവും ലാവയും സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ വീഴുകയായിരുന്നു. പ്രദേശത്ത് എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതു സംബന്ധിച്ച് സ്ഥിരീകരണമില്ല. നിരവധി പേരെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് കുട്ടികളും പെടുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഫയര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ ലാ അറോറ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

3763 മീറ്റര്‍ ഉയരമുള്ള പര്‍വ്വതത്തില്‍നിന്ന് ലാവയുടെ പുഴ തന്നെ എല്‍ റോഡിയോ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ലാവ പ്രവാഹം ശക്തമായതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. ലാവ മൂടിയ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലാവ പ്രവാഹത്തെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്നി പര്‍വ്വതത്തിന് ചുറ്റുമുള്ള ഗ്രാമങ്ങള്‍ ജനസാന്ദ്രതയേറിയതാണ്. വിഷവാതകവും ചാരവും 10 ലക്ഷത്തോളം പേരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണരെ അമ്പരിപ്പിച്ച് അതിവേഗത്തിലാണ് ചാരവും ലാവയും എത്തിയത്. 2012 സെപ്തംബറിലുണ്ടായ സ്‌ഫോനടത്തെ തുടര്‍ന്ന് പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.