റിയാദ്: റോഹിന്‍ഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ട് ഇടപെടലുകള്‍ നടത്തിയതായി സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. റോഹിന്‍ഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം പിന്തുടരുന്ന അടിച്ചമര്‍ത്തല്‍ നയങ്ങളില്‍ സഊദി അറേബ്യക്ക് കടുത്ത ആശങ്കയുണ്ട്. റോഹിന്‍ഗ്യകള്‍ക്ക് മുന്നില്‍ സുരക്ഷിത വഴികള്‍ തുറക്കുന്നതിന് ബംഗ്ലാദേശ് അടക്കമുള്ള മ്യാന്മറിന്റെ അയല്‍ രാജ്യങ്ങളുമായി സല്‍മാന്‍ രാജാവ് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് 15 ദശലക്ഷം ഡോളര്‍ നീക്കിവെക്കുന്നതിന് സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ റോഹിന്‍ഗ്യകള്‍ക്ക് സഊദി അറേബ്യ ആതിഥ്യം നല്‍കുന്നുണ്ട്.

സൈനിക പരിഹാരം യമന്‍ പ്രതിസന്ധി അവസാനിപ്പിക്കില്ല. യമനിലെ സൈനിക നടപടി പെട്ടെന്ന് കൈക്കൊണ്ട തീരുമാനമല്ല. ഇത് സഊദി അറേബ്യ സ്വയം തെരഞ്ഞെടുത്തതുമല്ല. യമനില്‍ സുരക്ഷയും ഭദ്രതയും സമാധാനവും സംരക്ഷിക്കുന്നതിന് നടത്തിയ രാഷ്ട്രീയ ശ്രമങ്ങളുടെ ഫലമാണ് സൈനിക നടപടി. ഇറാന്റെ പിന്തുണയോടെ ഹൂഥി മിലീഷ്യകള്‍ നടത്തിയ അട്ടിമറി അയല്‍ രാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണ്. ഇക്കാര്യം കണക്കിലെടുത്താണ് സൈനികമായി ഇടപെടുന്നതിനുള്ള യമന്‍ പ്രസിഡന്റിന്റെ അപേക്ഷ സഖ്യരാജ്യങ്ങള്‍ അംഗീകരിച്ചത്.
റിയാദ് കരാറുകള്‍ പ്രകാരമുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് ഖത്തറിനോട് ആവശ്യപ്പെടേണ്ടത് അനിവാര്യമാണ്. ഭീകരതക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ മേഖലയുടെ സുരക്ഷാ ഭദ്രത തകര്‍ക്കുന്നതിന് ഇടയാക്കുകയാണ്. ഖത്തറിന്റെ നയങ്ങള്‍ നിരാകരിക്കുന്ന യു.എ.ഇയുടെയും ബഹ്‌റൈന്റെയും ഈജിപ്തിന്റെയും ചേരിയില്‍ സഊദി അറേബ്യ ചേരുകയായിരുന്നു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നാണ് ഖത്തറിനോട് തങ്ങള്‍ ആവശ്യപ്പെടുന്നത്. ഭീകരവാദ, തീവ്രവാദ വിരുദ്ധ പോരാട്ടത്തിനുള്ള ശക്തമായ നയത്തിന്റെ വൃത്തത്തിലാണ് ഖത്തര്‍ പ്രതിസന്ധി ഉള്‍പ്പെടുന്നത്. ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് സംയുക്ത ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം റിയാദില്‍ ചേര്‍ന്ന അറബ്, ഇസ്‌ലാമിക്, അമേരിക്ക ഉച്ചകോടി എടുത്ത് പറഞ്ഞിട്ടുണ്ട്. സുസ്ഥിര വികസനത്തിന് സഊദി അറേബ്യ പ്രത്യേക ശ്രദ്ധയും ഊന്നലും നല്‍കുന്നുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് സഊദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് ഏറ്റവുമധികം സഹായങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് സഊദി അറേബ്യയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.