തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് അംഗങ്ങളുടെ ആദരം. രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും മാണി സാറിന് ആദരമര്‍പ്പിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.സി ജോര്‍ജ്ജ് തുടങ്ങി രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാ അംഗങ്ങളും ആശംസകളറിയിച്ചു.

km-mani-niyamasabha-full

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വ്യക്തിയാണ് കെ.എം മാണിയെന്ന് പറഞ്ഞ സ്പീക്കര്‍ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തിന് ആശംസ നേര്‍ന്നു. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അപൂര്‍വ നേട്ടമാണ് കെ.എം മാണിയുടേതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ലോക്‌സഭയില്‍ തന്നെ ഇത്തരമൊരു നേട്ടം ആര്‍ക്കുമുണ്ടായിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഒരു വ്യക്തിക്കും നേടാനാവാത്ത നേട്ടമാണ് കെഎം മാണിക്ക് കൈവന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആശയപരമായി താന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണെങ്കിലും മാണിസാര്‍ തന്റെ അടുത്ത സുഹൃത്താണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.
അമ്പതു വര്‍ഷം നീണ്ട തന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ കെ.എം മാണി പ്രതികരിച്ചു. 13 തെരഞ്ഞെടുപ്പുകളില്‍ ഒരേ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ച പാലായിലെ ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടാണ് മാണി മറുപടി പ്രസംഗം ആരംഭിച്ചത്. അര നൂറ്റാണ്ടുകാലത്തെ ജനസേവനത്തിനിടയില്‍ ആരെയും മനസ്സറിഞ്ഞ് വേദനിപ്പിച്ചിട്ടില്ലെന്നും ആരോപണമുന്നയിക്കുന്നവരെ പോലും മിത്രങ്ങളായാണ് കണ്ടതെന്നും മാണി പറഞ്ഞു.
അതിനിടെ, ടോംസ് കോളജിലെ പ്രശ്‌നങ്ങളുന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.