ലണ്ടന്‍: കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതോടെ ലെസ്റ്റര്‍ സിറ്റിയുടെ ഭാഗ്യജാതകം തെളിഞ്ഞുവോ? പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ നേടി റെലഗേഷന്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ട ചാമ്പ്യന്മാര്‍ ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുതം കാട്ടി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. രണ്ടാം പാദ മത്സരത്തില്‍ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ കന്നി ക്വാര്‍ട്ടര്‍ പ്രവേശം. ഇരുപകുതികളിലായി ജമൈക്കന്‍ താരം വെസ് മോര്‍ഗന്‍, മാര്‍ക് അല്‍ബ്രെയ്റ്റന്‍ എന്നിവരാണ് ലെസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. 80-ാം മിനുട്ടില്‍ പെനാല്‍ട്ടി തടഞ്ഞ് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മിഷേലും ചരിത്ര വിജയത്തില്‍ പങ്കുവഹിച്ചു.

മറ്റൊരു മത്സരത്തില്‍ എഫ്.സി പോര്‍ട്ടോയെ ഒരു ഗോൡന് വീഴ്ത്തി യുവന്റസും ക്വാര്‍ട്ടറിലെത്തി.

ആദ്യപാദം 2-1 ന് തോറ്റിരുന്ന ലെസ്റ്ററിന് ഇന്നലെ സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാതെ ഒരു ഗോളിന് ജയിച്ചാലും മുന്നേറാമായിരുന്നു. 27-ാം മിനുട്ടില്‍ റിയാദ് മെഹ്‌റസ് ഒരുക്കിയ അവസരം ഗോളിലെത്തിച്ച് ക്യാപ്ടന്‍ മോര്‍ഗന്‍ ടീമിനെ മുന്നിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ ജമൈക്കന്‍ താരമായി ഇതോടെ മോര്‍ഗന്‍. 54-ാം മിനുട്ടില്‍ അല്‍ബ്രെയ്റ്റന്‍ കൂടി സ്‌കോര്‍ ചെയ്തതോടെ ഇംഗ്ലീഷ് ടീമിന് ആശ്വസിക്കാവുന്ന ലീഡായി.

സമനിലക്കു വേണ്ടി പൊരുതിയ സെവിയ്യക്ക് 74-ാം മിനുട്ടില്‍ സമീര്‍ നസ്രിയെ നഷ്ടമായി. ജാമി വാര്‍ദിയുമായുള്ള വാക്കേറ്റത്തിനൊടുവില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഫ്രഞ്ച് താരം പുറത്താവുകയായിരുന്നു. 80-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കളിയില്‍ തിരിച്ചെത്താനുള്ള അവസരമായിരുന്നെങ്കിലും ഷ്മിഷേല്‍ സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ തട്ടിയകറ്റി.

പോര്‍ട്ടോയുടെ ഗ്രൗണ്ടില്‍ ആദ്യപാദം എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്തിരുന്ന യുവന്റസ് ഇന്നലെ 42-ാം മിനുട്ടില്‍ പൗളോ ഡിബാല നേടിയ പെനാല്‍ട്ടി ഗോളിലാണ് ജയം കണ്ടത.്

ഇന്ന് മൊണാക്കോ മാഞ്ചസ്റ്റര്‍ സിറ്റിയെയും അത്‌ലറ്റികോ മാഡ്രിഡ് ബയേര്‍ ലെവര്‍കുസനെയും നേരിടും. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദം സിറ്റി 5-3നും എവേ മത്സരം അത്‌ലറ്റികോ മാഡ്രിഡ് 4-2നും ജയിച്ചിരുന്നു.