സമൂഹം മാറ്റത്തിന്റെ പാതയില്‍ അതിവേഗം കുതിച്ചുക്കൊണ്ടിരിക്കുകയാണ്. മാറിവരുന്ന ജീവിത സാഹചര്യങ്ങളും വര്‍ധിച്ചുവരുന്ന മാനസിക വെല്ലുവിളികളിലൂടെയുമാണ് ജീവിതം കടന്നുപോകുന്നത്. ഭൗതിക വിദ്യാഭ്യാസ മേഖല വിവിധ രൂപവും ഭാവവും ആര്‍ജിച്ച് പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. അറിവ് ആര്‍ജിക്കലും അറിഞ്ഞത് അഭ്യസിക്കലും അനുവര്‍ത്തിക്കലുമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ പുരോഗതിക്കൊത്ത് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ച പുരോഗതി പ്രാപിക്കുന്നില്ലെന്ന കാര്യം സുവ്യക്തമാണ്. പ്രപഞ്ചത്തില്‍ മനുഷ്യന്റെ ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ അവനെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അന്ധകാരങ്ങളില്‍നിന്നും ദാസ്യങ്ങളില്‍ നിന്നും മാനവരാശിയെ മോചിപ്പിച്ചെടുത്ത് യഥാര്‍ഥ വഴിയിലെത്തിക്കാന്‍ വിദ്യയിലൂടെ മാത്രമാണ് സാധിക്കുക.

വിജ്ഞാനാര്‍ജനത്തിലൂടെ മാത്രമാണ് തന്നിലര്‍പ്പിതമായ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാനും പ്രപഞ്ചത്തില്‍ തനിക്കുള്ള മഹനീയ സ്ഥാനം നേടാനും സാധിക്കുകയുള്ളുവെന്ന് എല്ലാ മതഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു. സഹിഷ്ണുത, സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം, സൗഹാര്‍ദം എന്നീ ഗുണങ്ങള്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കാന്‍ കഴിയുന്നതാണ്. നെല്‍സല്‍മണ്ടേല പറഞ്ഞതുപോലെ ‘നിങ്ങള്‍ക്ക് ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ ശക്തിയുള്ള ആയുധമാണ് വിദ്യാഭ്യാസം’. ഈ ആയുധം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അത് സുരക്ഷിതമായ ഭാവിക്ക് അനിവാര്യമാണ്.

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസ മേഖല അനുദിനം വളരുന്നത്. നിരവധി പരിഷ്‌കാരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയുണ്ടായി. അതത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം. കാലോചിതമായ പരിഷ്‌കാരങ്ങള്‍ ഇവിടെ അനിവാര്യമായി വരുകയും ചെയ്യണം. വിദ്യാഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല, മറിച്ച് പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുകയാണ് ചെയ്യേണ്ടത്.

വിവേകവും വിവരവുമുള്ള സൃഷ്ടിയായാണ് മനുഷ്യനെ സ്രഷ്ടാവ് ഈ ഭൂമുഖത്തേക്ക് വിട്ടത്. മനുഷ്യരാശി എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചതും ഉത്തമ മനുഷ്യനായി ഭൂമുഖത്ത് ജീവിക്കാന്‍ സഹായകമാവുന്ന മൂല്യങ്ങളും ധര്‍മങ്ങളും ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തെ സമുദ്ധരിക്കുക എന്നതാണ്. എന്നാല്‍ ഭൗതികതയുടെ പളപളപ്പില്‍ ആത്മീയതയെ പാശ്ചാത്യര്‍ക്ക്‌വേണ്ടി മനുഷ്യര്‍ പണയം വെക്കുന്നു. മതമൂല്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് ചപ്പുചവറുകളായി മാറുകയും ചെയ്യുന്നു. ഇവിടെയാണ് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. അറിവുള്ളവനെയും അറിവില്ലാത്തവനെയും തമ്മില്‍ വേര്‍തിരിക്കുന്നത് വിദ്യയുടെയും വിവേഗത്തിന്റെയും അളവുകോലിലൂടെയാണ്. വിജ്ഞാനത്തിന് പരിധികളും പരിമിതികളും ഇല്ലെന്നാണ് കവിഭാഷ്യം.പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്‌കാരത്തില്‍ നിന്ന് അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പഠനം എന്നത് വ്യക്തിനിഷ്ഠമായ അനുഷ്ഠാനം എന്നതില്‍ നിന്ന് സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള പ്രക്രിയയായി വളര്‍ത്തിയെടുക്കാന്‍ വേണ്ട ശ്രമങ്ങളാണ് കൂടുതലും അഭികാമ്യം.

ഇന്റര്‍നെറ്റിന്റെ, സോഷ്യല്‍ മീഡിയകളുടെ, മൊബൈല്‍ ഫോണുകളുടെ അതിപ്രസരവും കടന്നുകയറ്റവും വലിയ ദുരന്തമാണ് സമ്മാനിക്കാന്‍ പോകുന്നത്. പുസ്തകങ്ങള്‍ വായിച്ച് സമയം എന്തിന് വേസ്റ്റാക്കുന്നുവെന്നാണ് ന്യൂജനറേഷന്റെ ചോദ്യം. മൊബൈല്‍ വന്നതിന് ശേഷം ഓര്‍മശക്തി തന്നെ കുറഞ്ഞു. മൊബൈല്‍ ഇല്ലെങ്കില്‍ ഇന്ന് ലൈഫ് ഇല്ലാത്ത അവസ്ഥയില്‍ വരെ കാര്യങ്ങളെത്തി. കാണാതെ പഠിക്കാതെ കാര്യം നേടുന്ന അവസ്ഥകള്‍ സംജാതമായി. പരീക്ഷകള്‍ക്ക് വരെ നോട്‌സ് ഫോണില്‍ പകര്‍ത്തിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പഠിക്കാത്ത മതക്കാരും രാഷട്രീയക്കാരും വേസ്റ്റായി മാറുന്നതും വികാര ജീവികളായി തീരുന്നതും ഇതുകൊണ്ടാണ്.