kerala

കൊടകര കുഴല്‍പ്പണം; ധര്‍മരാജന്റെ കൂടുതല്‍ മൊഴിവിവരങ്ങള്‍ പുറത്ത്

By webdesk17

November 04, 2024

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപാടുകാരന്‍ ധര്‍മരാജന്റെ കൂടുതല്‍ മൊഴിവിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്റെ കണക്കുകളാണ് പുറത്തുവന്നത്. കൂടുതല്‍ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം നല്‍കിയെന്നുമാണ് മൊഴി.

തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് നല്‍കിയെന്നും ധര്‍മരാജന്‍ പറഞ്ഞു. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് മോഷ്ടിക്കപ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനുമിടയില്‍ കള്ളപ്പണം ഒഴുക്കി കള്ളപ്പണം വാങ്ങിയവരുടെ പേരും വിവരവും ധര്‍മരാജന്റെ മൊഴിയിലുണ്ട്.

അതേസമയം കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായര്‍, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തി. ബിജെപി ഓഫീസില്‍ പണം എത്തിച്ച ഇടപാടുകാരനായ ധര്‍മരാജന്‍ ഹവാല ഏജന്റാണെന്നും കുറ്റപത്രത്തിലുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് എത്തിച്ചത് മൂന്നരക്കോടിയാണെന്നും പറയുന്നു.

കുഴല്‍പ്പണം കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവ് നല്‍കി.