മുംബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോര്‍. 200-ാം മത്സരം കളിക്കുന്ന ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ (121) സെഞ്ച്വറി മികവില്‍ ഇന്ത്യ 280 റണ്‍സെടുത്തു.

വാംഖഡെയിലെ റണ്ണൊഴുക്ക് പ്രതീക്ഷിക്കപ്പെട്ട പിച്ചില്‍ ടോസ് നേടിയ കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, കിവികള്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യക്ക് ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ല.

ആറ് ഓവറിനിടെ ഓപണര്‍മാരായ ശിഖര്‍ ധവാനെയും (9) രോഹിത് ശര്‍മയെയും (20) നഷ്ടമായ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് കോഹ്‌ലിയുടെ അവസരോചിത ഇന്നിങ്‌സ് ആണ്. കേദാര്‍ ജാദവ് (12) കൂടി മടങ്ങിയപ്പോള്‍ മൂന്നിന് 71 എന്ന നിലയിലായ ഇന്ത്യയെ ദിനേഷ് കാര്‍ത്തിക്കിനൊപ്പം 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് കോഹ്ലി കരകയറ്റിയത്. പിന്നീട് എം.എസ് ധോണിക്കൊപ്പം (25) 57 റണ്‍സിന്റെ പാര്‍ട്ണര്‍ ഷിപ്പിലും കോഹ്ലി പങ്കാളിയായി. ഹാര്‍ദിക് പാണ്ഡ്യക്ക് (16) തിളങ്ങാനായില്ല.

അവസാന ഓവറിലെ ആദ്യ പന്തില്‍ ടിം സൗത്തിയെ സിക്‌സറിനു പറത്തിയ കോഹ്‌ലി അടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. പിന്നീട് ഒരു സിക്‌സറും ബൗണ്ടറിയും നേടിയ ഭുവനേശ്വര്‍ കുമാര്‍ (26) ആണ് ഇന്ത്യയെ 280-ലെത്തിച്ചത്.

62 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ അര്‍ധശതകത്തിലെത്തിയ കോഹ്‌ലി 111 റണ്‍സില്‍ നിന്നാണ് ശതകത്തിലെത്തിയത്. ഏകദിനത്തില്‍, കോഹ്‌ലിയുടെ 31-ാം സെഞ്ച്വറിയാണിത്.

35 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ട്രെന്റ് ബൗള്‍ട്ട് ആണ് കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ തളച്ചത്. മിച്ചല്‍ സാന്റ്‌നര്‍ 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി കഴിഞ്ഞാല്‍ ദിനേഷ് കാര്‍ത്തിക് (37) ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.