കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
നാലുമാസം മുമ്പ് അടിവാരം പള്ളിയില്‍ അജില്‍ഷാന്റെ സുഹൃത്തുക്കളും മറ്റൊരു സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.
പരുക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ആക്രമം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.