കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ ക്ലാസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അബ്ദുല്‍ റാഷിദ്, ആസാദ് ഷാ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ കെ.എസ്.യു വിദ്യാര്‍ത്ഥിയും അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയുമായ ഋതികിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആദര്‍ശിനും പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്റു ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് ജില്ലയില്‍ പഠിപ്പ് സമരത്തിന് ആഹ്വാനം ചെയ്തു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍ ലോ കോളജിനു ഇന്ന് അവധി നല്‍കി. അതേസമയം, എസ്എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് ജില്ലയില്‍ പഠിപ്പ് മുടക്ക് സമരം നടത്തും.