തൃശൂര്‍: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ്‌ കെ.പി ശശികലക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കാന്‍ മടിക്കുന്ന പൊലീസ് നിലപാടിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ പെതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെ വിമര്‍ശനവുമായി ശശികല. സന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍ സുധാകരന്‍ ആരാണെന്നും അദ്ദേഹത്തിന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമെടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും ശശികല പറഞ്ഞു.

ക്ഷേത്രങ്ങളെ അനാഥമാക്കി ഹിന്ദുസമൂഹത്തെ ദുര്‍ബലമാക്കാമെന്നാണ് സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ്. ഇത് അനുവദിക്കരുത്, മുത്തലാക്കും ഏക സിവില്‍ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കണം.  ശബരിമലയിലെ സ്ത്രീപ്രവേശ കാര്യത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് ശശികല ചോദിച്ചു. തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശശികല.