കോഴിക്കോട്: കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഇന്നലെ ഒരു ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടത്. കണ്ണൂരില്‍ മാര്‍കിസ്റ്റുകളും ബി.ജെ.പിയും മത്സരിച്ച് ആളെ കൊല്ലുകയാണ്. വോട്ടു ചെയ്ത ജനത്തെ പരിഹസിച്ച് കയ്യൂക്ക് കാണിക്കുന്നവര്‍ ഇതിന് മറുപടി പറയേണ്ടിവരും. മനുഷ്യ ജീവന് വിലയില്ലാതെ രാഷ്ട്രീയ വിധ്വേഷത്തിന്റെ പേരില്‍ നടക്കുന്ന അറുംകൊലക്കെതിരെ ശക്തമായ നടപടിക്ക് പൊലീസും ആഭ്യന്തര വകുപ്പും തയ്യാറാവണം. പാടത്തു ജോലി, വരമ്പത്ത് കൂലി സിദ്ധാന്തവുമായി ചോരക്കളിയുമായി ഭരണ കക്ഷി തന്നെ മുന്നോട്ടു പോവുന്നത് അത്യന്തം ഗൗരവതരമാണ്. ഇതിന് അറുതി ഉണ്ടായില്ലെങ്കില്‍ സാംസ്‌കാരിക കേരളം തലകുനിക്കേണ്ടി വരും. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു.