തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ കെ.എസ്.ഇ.ബിയുടെ വഞ്ചന. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള നല്‍കുന്ന വിശദീകരണം.

സാലറി ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് പിടിച്ചത് 136 കോടി രൂപയാണ്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസംകൊണ്ടാണ് തുക പിടിച്ചത്. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ നല്‍കിയത്. ബാക്കി 126 കോടി രൂപയോളം കെ.എസ്.ഇ.ബി ദുരിതാശ്വാസ നിധിയിലേ്ക്ക് നല്‍കാന്‍ ബാക്കിയാണ്.

ഓരോ മാസവും ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ കെ.എസ്.ഇ.ബി അത് പാലിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് അത് സാധിക്കാതിരുന്നതെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറയുന്നത്. സാലറി ചലഞ്ചിന് മുന്‍പുതന്നെ 50 കോടി രൂപ കെ.എസ്.ഇ.ബി ദുരിതാശ്വാസ നിധിയിലേ്ക്ക് നല്‍കിയിരുന്നതായും എന്‍.എസ് പിള്ള പറഞ്ഞു.