ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായെ മലയാളി ട്രോളന്‍മാര്‍ വിളിക്കുന്ന പേരുകളിലൊന്നാണ് ‘അമിട്ട് ഷാജി’ എന്നത്. ഹിന്ദിയില്‍ ബഹുമാനപൂര്‍വം വിളിക്കുന്ന ‘ജി’ ചേര്‍ത്ത് മറ്റ് നേതാക്കളെ വിളിക്കാറുണ്ടെങ്കിലും അമിത് ഷായെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഷാജി എന്ന് അധികം വിശേഷിപ്പിക്കാറില്ല. ബഹുമാനം കുറഞ്ഞു പോകുമോ എന്ന ശങ്കയില്‍ അമിത് ഷായെ ‘ഷാജി’ എന്നു വിശേഷിപ്പിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അമളി പിണഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ ‘ജി’ വെട്ടിയത് സോഷ്യല്‍ മീഡിയയിലെ കൗതുകമായി.

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യം ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തപ്പോഴാണ് കുമ്മനം ‘അമിത് ഷാ’ എന്നു വിശേഷിപ്പിച്ചത്. മിനുട്ടുകള്‍ക്കകം കുമ്മനം തന്നെ അത് തിരുത്തി അമിത് ഷാ എന്നാക്കി. കുമ്മനത്തിന്റെ ഒഫീഷ്യല്‍ പേജിലെ എഡിറ്റ് ഹിസ്റ്ററിയില്‍ ഈ എഡിറ്റുകള്‍ കാണാം.