കമാല്‍ വരദൂര്‍

അടിമുടി ചന്ദ്രികക്കാരനായിരുന്നു കെ.പി എന്ന പേരില്‍ അറിയപ്പെട്ട കെ.പി കുഞ്ഞിമുസ. എന്നും എപ്പോഴും ചന്ദ്രികയെ സ്‌നേഹിച്ച അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങും ചന്ദ്രിക വേദിയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയില്‍ നടന്ന ചന്ദ്രികയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷികത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ദീര്‍ഘ വര്‍ഷത്തെ സേവനത്തിന് ശേഷവും ചന്ദ്രികയുടെ താളുകളില്‍ അദ്ദേഹമായിരുന്നു. മുസ്‌ലിം സാംസ്‌കാരിക ലോകത്തെ ആരുടെ നിര്യാണത്തിലും അദ്ദേഹത്തിന്റെ അനുശോചന കുറിപ്പുകളുണ്ടാവും. മലബാറിലെ മുസ്‌ലിം ജീവിതത്തെ അടുത്തറിയുന്ന കെ.പി ആയിരത്തിലധികം അനുസ്മരണ ലേഖനങ്ങള്‍ എഴുതിയ അപൂര്‍വ്വ വ്യക്തിയാണ്. മലബാറിന്റെ സാമുഹ്യ സാഹചര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കാനും ചിത്രീകരിക്കാനും കഴിയുന്ന കെ.പി തലശ്ശേരി ബ്രണ്ണന്‍ കോളജിലുടെ വളര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തിലുടെ കേരളമാകെ അറിയപ്പെട്ട വ്യക്തിയാണ്. മുസ്‌ലീം ലീഗിനെയും മുസ്‌ലിം ചരിത്രത്തെയും അവഗാഹമായി പഠിച്ച കെ.പി പാര്‍ട്ടിയുടെ ചരിത്രവും മലബാറിന്റെ വിദ്യാഭ്യാസ മാധ്യമ ചരിത്രവും എളുപ്പത്തില്‍ അനാവരണം ചെയ്യുന്ന വ്യക്തിയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ബ്രണ്ണന്‍ കോളജില്‍ പഠിച്ച കെ.പി യുടെ തട്ടകം കോഴിക്കോടായിരുന്നു. ചന്ദ്രികയില്‍ എത്തിയത്. മുതല്‍ കോഴിക്കോട് പന്നിയങ്കരയിലെ വസതിയിലായിരുന്നു അദ്ദേഹം. കോഴിക്കോട് വ്യാപാര ഭവനില്‍ മൈത്രി ബുക്ക്‌സ് തുടങ്ങുകയും പുസ്തക പ്രസിദ്ദീകരണ ലോകത്ത് സജീവമാവുകയും ചെയ്തിരുന്നു.
എം.എസ്.എഫിലുടെയായിരുന്നു രാഷ്ട്രീയ ജീവിതത്തില്‍ തുടക്കം. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗിലെ ഉന്നത നേതൃത്ത്വവുമായി അടുത്ത് ഇടപഴകിയ അദ്ദേഹം സരസമായ എഴുത്തിലൂടെയും സംസാരത്തിലുടെയാണ് പാര്‍ട്ടിയിലും സാമുഹ്യ ലോകത്തും നിറഞ്ഞത്. ദീര്‍ഘകാലം ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ പത്രാധിപരായപ്പോള്‍ സാഹിത്യ-സാംസ്‌കാരിക ലോകത്തെ അദ്ദേഹം ചന്ദ്രികയുമായി അടുപ്പിച്ചു. എം.ടി വാസുദേവന്‍ നായര്‍, ടി.പത്മനാഭന്‍, എം.മുകുന്ദന്‍ തുടങ്ങിയ സാഹിത്യ നായകരുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ഇവരോടൊപ്പമുള്ള നിമിഷങ്ങളും അനുഭവങ്ങളും പുസ്തക രൂപത്തില്‍ പ്രസിദ്ദീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ ലോകത്ത് കെ.പിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു പിണറായി വിജയനും ഇ.അഹമ്മദുമെല്ലാം. ഉത്തര മലബാറിന്റെ ഈ ഉന്നത സൗഹൃദം ഒരു പോറലുമേല്‍ക്കാതെ അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ മാധ്യമ ബന്ധങ്ങള്‍ വളരെ വലുതായിരുന്നു. കേരളത്തിന്റെ മാധ്യമ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുന്ന നിഘണ്ടുവായിരുന്നു കെ.പി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയില്‍ തുടങ്ങി പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് പോലും അദ്ദേഹത്തിന് അറിയാമായിരുന്നു. സുഹൃത് വലയത്തിലെ ആരുടെ വിയോഗത്തിലും അവിടെയെത്തി അനുശോചനമറിയിക്കുന്ന കെ.പി അല്‍പ്പകാലമായി അനാരോഗ്യവാനായിരുന്നു. അപ്പോഴും തന്റെ യാത്രകളും എഴുത്തും അദ്ദേഹം തുടര്‍ന്നു. കോഴിക്കോട്ട് നിന്ന് ആഴ്ച്ചയിലൊരിക്കലെന്നോണം അദ്ദേഹം തലശ്ശേരിയിലെത്തും. യാത്രകളെ ഇഷ്ടമായിരുന്ന കെ.പി എന്നും ചന്ദ്രികയുടെ പടികള്‍ കയറാനും മടിക്കാറില്ല. ഇന്നലെ അര്‍ധരാത്രിയോടെ ആ വിയോഗ വാര്‍ത്തയറിയുമ്പോള്‍ ചന്ദ്രികയുടെ ഡസ്‌ക്കും നിശബ്ദമായി-കളിയും ചിരിയും സരസ സംസാരവുമായി കെ.പി ഇനി വരില്ല. അദ്ദേഹം എഴുതുന്ന അനുസ്മരണ കുറിപ്പുകള്‍ ഇനി ഞങ്ങളുടെ ഡസ്‌ക്കിലേക്ക് വരില്ല…