കൊല്ലം: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃഗ്രഹത്തില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തി. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് വെറും 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27) ആണ് ഈ മാസം 21ന് അര്‍ധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.

തുഷാര്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.