പശുവിനെ മാതാവായി പ്രഖ്യാപിക്കുകയാണെങ്കില്‍ കഴുതയെ ദേശീയ മൃഗമായി അവരോധിക്കണമെന്ന് മറാത്തി എഴുത്തുക്കാരന്‍ ലക്ഷ്മണ്‍ ഗെയ്ക്‌വാദ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ലക്ഷ്മണ്‍ തുറന്നടിച്ചത്. പശു മാതാവാണെങ്കില്‍ കാള പിതാവല്ലേയെന്നും അതിനാല്‍ കാളയെ പണിക്കു വിടുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. വിശപ്പുള്ള കാലത്തോളം മനുഷ്യന്‍ മൃഗങ്ങളെ കൊന്നു തിന്നും. മനുഷ്യനേക്കാള്‍ ഒരു മൃഗവും വലുതല്ല. ഗോക്കളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ മനുഷ്യരുടെ പട്ടിണി ഇല്ലാതാക്കുന്നതിന് ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തു കഴിക്കണമെന്ന സ്വാതന്ത്ര്യം മനുഷ്യനുണ്ട്. അത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമില്ല. മൃഗങ്ങള്‍ക്കു നല്‍കുന്ന പരിഗണന പോലും മനുഷ്യര്‍ക്കു നല്‍കാതെയാണ് ബിജെപി ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജാതി വ്യവസ്ഥിതിയിലെ അപാകതകളെക്കുറിച്ചും ലക്ഷ്മണ്‍ ഗെയ്ക്‌വാദ് കുറ്റപ്പെടുത്തി.